Monday 14 January 2013

സമരം ഒത്തുതീര്‍പ്പായി .

പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 8 മുതല്‍ നടത്തിവരുന്ന അനിശ്ചിത കാല പണിമുടക്ക്  ഇന്ന് പുലര്‍ച്ചെ പിന്‍വലിച്ചു.ഇന്നലെ രാത്രി 11.25ന് ആദ്യം ധനകാര്യ മന്ത്രിയുമായും പിന്നീട് ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും നടന്ന ചർച്ചയ്ക്കൊടുവിൽ പുലർച്ചെ 1.30 നാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. പിന്നീട് 2 മണിയോടെ സംഘടനാ നേതാക്കൾ പിൻവലിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അടുത്ത ഏപ്രിൽ 1 മുതൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയശേഷം ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈഷമ്യങ്ങൾ ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ ലേഖകരോട് പറഞ്ഞു.
പങ്കാളിത്ത പെൻഷൻ ഫണ്ട് നിക്ഷേപിക്കുന്ന സംവിധാനത്തിൽ സംസ്ഥാന ഗവൺമെന്റ് ട്രഷറിയെക്കൂടി ഉൾപ്പെടുത്താൻ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടിയോട് ആവശ്യപ്പെടും.
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള ആദായത്തിൽ നിന്ന് മിനിമം പെൻഷൻ കുറയാൻ പാടില്ലെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പുതുക്കിയ പെൻഷൻ ബിൽ നിയമമാക്കുമ്പോള്‍ ജീവനക്കാരുടെ അസസ്‌മെന്റ് റിട്ടേൺ കണക്കിലെടുക്കുമെന്ന് ഇതുസംബന്ധിച്ച ജീവനക്കാരുടെ ആശങ്കകൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. 2013 മാർച്ച് 31 വരെ സർവീസിൽ കയറുന്നവർക്ക് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടരും. സമരത്തിൽ പങ്കെടുത്തുവെന്ന ഒറ്റക്കാരണംകൊണ്ട് ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവ അനുഭാവപൂർവം പരിഗണിക്കും. എന്നാൽ അക്രമവും പൊതുമുതൽ നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ പുനഃപരിശോധന ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ കേസും അതിന്റെ മെറിറ്റിലാവും പരിശോധിക്കുക. 
(അവലംബം:കേരള കൗമുദി ഓണ്‍ലൈന്‍ എഡിഷന്‍) 

No comments:

Post a Comment